Top
News

ICAR. പുനഃപരീക്ഷ: അഞ്ചിനകം പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍.) നടത്തിയതും പിന്നീട് റദ്ദാക്കിയതുമായ അഗ്രിക്കള്‍ച്ചര്‍ പ്രവേശനപ്പരീക്ഷ, ഓഫ് ലൈന്‍ രീതിയില്‍, ഓഗസ്റ്റ് 18, 19 തീയതികളില്‍ നടത്തും. ബിരുദാനന്തരബിരുദ പ്രവേശനപ്പരീക്ഷ ഓഗസ്റ്റ് 18-ന് രാവിലെ 10 മുതല്‍ 12.30 വരെയും പിഎച്ച്.ഡി. പ്രവേശനപ്പരീക്ഷ അന്നുതന്നെ 10 മുതല്‍ ഒന്നുവരെയും നടക്കും.

ബിരുദതല പ്രവേശനപ്പരീക്ഷ ഓഗസ്റ്റ് 19-ന് രാവിലെ 10 മുതല്‍ 12.30 വരെയായിരിക്കും. പരീക്ഷയ്ക്ക് നേരത്തേ അപേക്ഷിച്ചവര്‍ക്കും അപേക്ഷിച്ചശേഷം എഴുതാത്തവര്‍ക്കും ഈ പരീക്ഷകള്‍ എഴുതാം. പുതുതായി ഫീസടയ്ക്കേണ്ടതില്ല. എന്നാല്‍ പുതുതായി അപേക്ഷ സ്വീകരിക്കില്ല. അപേക്ഷിച്ചിരുന്നവര്‍ http://www.icar.org.in/www.icarexam.net എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ച്, അപേക്ഷയില്‍ ഡേറ്റ അപ്‌ഡേഷന്‍ നടത്തണം.

പരീക്ഷാകേന്ദ്രം വീണ്ടും തിരഞ്ഞെടുക്കാനും, അപേക്ഷ സമര്‍പ്പിച്ച വേളയില്‍ ഫലം കാത്തിരുന്നവര്‍ക്ക്, അവരുടെ യോഗ്യതാപരീക്ഷാ മാര്‍ക്ക് കൂട്ടിച്ചേര്‍ക്കാനും സൗകര്യം ലഭിക്കും. ഓഗസ്റ്റ് അഞ്ചിന് അര്‍ധരാത്രിവരെ സൗകര്യം ഉണ്ടാകും. ഈ സമയപരിധിക്കകം പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാത്തവര്‍ക്ക്, കൗണ്‍സില്‍ അത് അനുവദിക്കും. 

പരിശോധനയും എഡിറ്റിങ്ങും പൂര്‍ത്തിയാക്കിയശേഷം, അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത്, നിര്‍ദേശിച്ച രീതിയില്‍ പൂര്‍ത്തിയാക്കി, 'The Controller of Examinations (Agril. Edn, COE), Examination Cell, Agricultural Education Division, Room No.216, Indian Council of Agricultural Research, Krushi Anusandhan Bhavan-II, Pusa, New Delhi-110012' എന്ന വിലാസത്തിലേക്ക് സ്പീഡ്/രജിസ്റ്റേഡ് തപാലില്‍ അയച്ചുകൊടുക്കണം.

പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വെബ് സൈറ്റില്‍നിന്നും ഡൗണ്‍ലോഡു ചെയ്തെടുക്കണം. ഫലപ്രഖ്യാപനം ഓഗസ്റ്റ് 30-നോ അതിനുശേഷമോ പ്രതീക്ഷിക്കാം. കൗണ്‍സലിങ് തീയതികളും വിശദാംശങ്ങളും പിന്നാലെ പ്രഖ്യാപിക്കും.

Read Related News :