News

അഗ്രിക്കള്‍ച്ചര്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ ജൂലായ് ഒന്നിന്

കാര്‍ഷിക സര്‍വകലാശാലകളിലെ വെറ്ററിനറി ഒഴികെയുള്ള കാര്‍ഷിക, അനുബന്ധ കോഴ്സുകളിലെ 15 ശതമാനം ബിരുദതല അഖിലേന്ത്യാ ക്വാട്ട സീറ്റും ചില സര്‍വകലാശാലകളിലെ മുഴുവന്‍ സീറ്റും നികത്തുവാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് - അഖിലേന്ത്യാ പ്രവേശനപ്പരീക്ഷ (ഐ.സി.എ.ആര്‍. എ.ഐ. ഇ.ഇ.എ - യു,ജി., പി.ജി., ജെ. ആര്‍.എഫ്/എസ്.ആര്‍.എഫ്.) ജൂലായ് ഒന്നിന് നടക്കും. രാവിലെ 9.30 മുതല്‍ 12 വരെയാണ് പരീക്ഷാസമയം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തുന്നത്. 

കോഴ്സുകള്‍

  • ബി.എസ്‌സി. (ഓണേഴ്സ്): അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫോറസ്ട്രി, കമ്യൂണിറ്റി സയന്‍സ്, സെറികള്‍ച്ചര്‍ 
  • ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (ബി.എഫ്.എസ്സി.) 
  • ബി.ടെക്.: അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്, ഡയറി ടെക്നോളജി, ബയോടെക്നോളജി, ഫുഡ് ടെക്നോളജി, ബാച്ചിലര്‍ ഓഫ് ഫുഡ് ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്ററ്റിക്സ് 

യോഗ്യത

പ്ലസ് ടു 50 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചിരിക്കണം. പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 40 ശതമാനം മതി. ചേരാനുദ്ദേശിക്കുന്ന കോഴ്സിന് അനുസരിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, അഗ്രിക്കള്‍ച്ചര്‍ എന്നിവയില്‍ മൂന്നെണ്ണം പഠിച്ചിരിക്കണം. പ്രായം 2019 ഓഗസ്റ്റ് 31- ന് കുറഞ്ഞത് 16 വയസ്സ്.  

പ്രവേശനപരീക്ഷ

രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശനപരീക്ഷയില്‍ ഓരോ വിഷയത്തിലെയും 50 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടാകും. ചേരാന്‍ ഉദ്ദേശിക്കുന്ന കോഴ്സിനനുസരിച്ച് മൂന്ന് വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് (മൊത്തം 150 ചോദ്യങ്ങള്‍) ഉത്തരം നല്‍കണം. 
കേരളത്തില്‍ ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. 

അപേക്ഷ

അപേക്ഷ ഏപ്രില്‍ 30- ന് രാത്രി 11.50-നകം https://ntaicar.nic.in വഴി നല്‍കാം. അപേക്ഷാ ഫീസ് അടയ്ക്കാന്‍ മേയ് ഒന്നുവരെ സമയമുണ്ട്. അപേക്ഷാ പ്രിന്റ് ഔട്ട്  അയയ്ക്കേണ്ടതില്ല. പി.ജി, ജെ.ആര്‍.എഫ്./എസ്.ആര്‍. എഫ്. പ്രോഗ്രാമുകള്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം.

Read Related News :