നീറ്റ് 2021: ഒന്നിലധികം തവണ പരീക്ഷ നടത്തുന്ന കാര്യം പരിഗണനയിൽ, പ്രഖ്യാപനം ഉടൻ

പരീക്ഷ ഓൺലൈനായി നടത്തുന്ന കാര്യവും പരിഗണിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ആരോഗ്യ മന്ത്രാലയമാണ്.

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (NEE T) 2021ലെ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീയതികൾ പ്രഖ്യാപിക്കാത്തതിനാൽ വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചു. ഇതിനെ തുടർന്ന് 2021ലെ നീറ്റ് പരീക്ഷ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് ടൈംസ് നൌവിനോട് പറഞ്ഞു. 2021ലെ ജെ ഇ ഇ മെയിൻ പരീക്ഷ പോലെ ഒന്നിലധികം
തവണയായി നടത്താനാണ് ആലോചിക്കുന്നത്.

വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിൽ മന്ത്രാലയം ഇക്കാര്യം പരിഗണിക്കുകയും വിദ്യാർത്ഥികൾക്ക് അധിക അവസരം നൽകുകയും ചെയ്യുമെന്ന് പൊഖ്രിയാൽ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. ആരോഗ്യ മന്ത്രാലയത്തിൽ നിന്നാണ് അനുമതി ലഭിക്കേണ്ടത്. തീരുമാനത്തോടൊപ്പം നീറ്റ് 2021ന്റെ തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എൻ ‌ഇ പി 2020 നടപ്പാക്കാനുള്ള പദ്ധതികളെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രി സംസാരിച്ചു. അതേസമയം, 2021ലെ 10, 12 ക്ലാസുകളുടെ സി ബി എസ് ഇ പരീക്ഷ ടൈം ടേബിളും പുറത്തിറക്കി.

ജെ ഇ ഇ മെയിൻ 2021 പരീക്ഷകളുടെ ആദ്യസെഷൻ ഫെബ്രുവരി 23 മുതൽ ആരംഭിക്കും. ഈ വർഷം നാല് തവണകളായി നടത്തുന്ന ജെ ഇ ഇ മെയിൻ 2021 പരീക്ഷയ്ക്ക് 22 ലക്ഷത്തോളം കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് എന്നിങ്ങനെ നാലു സെഷനുകളിലായി ജെ ഇ ഇ മെയിൻ 2021 പരീക്ഷ നടക്കും.

നീറ്റ് 2021നെ സംബന്ധിച്ചിടത്തോളം സിലബസ് കുറയ്ക്കുകയോ മാറ്റുകയോ ചെയ്യില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഈ വർഷം, സി ബി എസ് ഇയും സ്റ്റേറ്റ് ബോർഡുകളും സിലബസ് വെട്ടിക്കുറച്ചിരുന്നു. ഡിസംബറിൽ വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ലൈവ് സംവാദത്തിൽ നീറ്റ് പരീക്ഷ രണ്ട് തവണ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പരീക്ഷ ഓൺലൈനായി നടത്തുന്ന കാര്യവും പരിഗണിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ആരോഗ്യ മന്ത്രാലയമാണ്.