News

MBBS/BDS പ്രവേശനം; മോപ്പ് അപ്പ് കൗണ്‍സലിങ് 20-ന്

എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളില്‍ ഒഴിവുവരുന്ന സീറ്റുകള്‍ നികത്തുന്നതിനുള്ള മോപ്പ് അപ്പ് കൗണ്‍സലിങ് (സ്‌പോട്ട് അഡ്മിഷന്‍) ഓഗസ്റ്റ് 20, 21 തീയതികളില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കാമ്പസിലുള്ള ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടത്തും. രണ്ടാം അലോട്ട്മെന്റിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്കാണ് മോപ്പ് അപ്പ് കൗണ്‍സലിങ് നടത്തുന്നത്. 20-ന് രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന മോപ്പ് അപ്പ് കൗണ്‍സലിങ് അന്നേ ദിവസം അവസാനിക്കാത്തപക്ഷം ഓഗസ്റ്റ് 21-ാം തീയതിയിലും തുടരുന്നതാണ്. മോപ്പ് അപ്പ് കൗണ്‍സലിങ്ങില്‍ അലോട്ട്മെന്റ് ലഭിക്കുന്നപക്ഷം അവിടെവെച്ചുതന്നെ നിര്‍ദിഷ്ട ഫീസ് ഒടുക്കി പ്രവേശനം നേടേണ്ടതാണ്. 

നിര്‍ദേശങ്ങള്‍

1. സര്‍ക്കാര്‍ മെഡിക്കല്‍/ദന്തല്‍ കോളേജില്‍ പ്രവേശനം നേടിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു സര്‍ക്കാര്‍ മെഡിക്കല്‍/ഡന്റല്‍ കോളേജിലേക്കോ, ഒരു സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജില്‍ പ്രവേശനം നേടിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജിലേക്കോ മാറ്റം അനുവദിക്കില്ല. 

2. എന്നാല്‍ സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളില്‍ പ്രവേശനം നേടിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലേക്കോ തിരിച്ചോ മാറ്റം അനുവദിക്കുന്നതാണ്.

3. സ്വാശ്രയ കോളേജിലെ എന്‍.ആര്‍.ഐ. സീറ്റില്‍ പ്രവേശനം നേടിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു സ്വാശ്രയ കോളേജിലെയോ അതേ കോളേജില്‍ തന്നെയുള്ളതോ ആയ സര്‍ക്കാര്‍/മൈനോറിറ്റി സീറ്റിലേക്ക് അതേ കോഴ്സിനാണെങ്കില്‍ പോലും മാറ്റം അനുവദിക്കുന്നതാണ്. 

ഫീസ് വിവരങ്ങള്‍

അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഫീസ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി കൗണ്‍സലിങ് സമയത്ത് ഹാജരാക്കേണ്ടതാണ്. 

1) സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്.- 25,000 രൂപ  
2) സര്‍ക്കാര്‍ ഡന്റല്‍ കോളേജുകളില്‍ ബി.ഡി.എസ്.-23,000 രൂപ  
3) സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍/മൈനോറിറ്റി/എന്‍.ആര്‍.ഐ. ക്വാട്ടയില്‍ എം.ബി.ബി.എസ്.-അഞ്ചുലക്ഷം രൂപ. 
4) സ്വാശ്രയ ഡന്റല്‍ കോളേജുകളില്‍ സര്‍ക്കാര്‍/മൈനോറിറ്റി/എന്‍.ആര്‍.ഐ. ക്വാട്ടയില്‍ ബി.ഡി.എസ്.-മൂന്നുലക്ഷം രൂപ. 

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 

16 മുതല്‍ 18-ന് വൈകുന്നേരം അഞ്ചിനകം http://www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ

പ്രത്യേക ശ്രദ്ധയ്ക്ക്

ആകസ്മിക അവധികളുടെ സാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, പൊസഷന്‍ സര്‍ട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നേരത്തേ കരസ്ഥമാക്കേണ്ടതും മോപ്പ് അപ്പ് കൗണ്‍സലിങ് വേളയില്‍ സമര്‍പ്പിക്കേണ്ടതുമാണ്. നിര്‍ദിഷ്ട ഫീസ് തുകയ്ക്കുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റും മറ്റ് രേഖകളും ഹാജരാക്കാത്ത വിദ്യാര്‍ഥികള്‍ക്ക് മോപ്പ് അപ്പ് കൗണ്‍സലിങ്ങില്‍ പ്രവേശനം നല്‍കുന്നതല്ല.
ഹാജരാക്കേണ്ട രേഖകള്‍ അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.cee.kerala.gov.in

Read Related News :