News

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി: മോക് ടെസ്റ്റിന് മൊബൈല്‍ ആപ്പ്

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ഓണ്‍ലൈന്‍ യോഗ്യതാ പരീക്ഷകളുടെ പരിശീലനത്തിനും ടെസ്റ്റ് പ്രാക്ടീസിങ് സെന്ററുകള്‍ തിരഞ്ഞെടുക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായിക്കും. ജെ.ഇ.ഇ. (ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍) മെയിന്‍, നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്), സിമാറ്റ് (കോമണ്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ്), യു.ജി.സി. നെറ്റ്/ ജെ.ആര്‍.എഫ്. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് 'എന്‍.ടി.എ. സ്റ്റുഡന്റ്' ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ മോക് ടെസ്റ്റുകള്‍ പരിശീലിക്കാം.

ടെസ്റ്റിന്റെ മാതൃക ആപ്പില്‍ ലഭിക്കും. ഒരു മണിക്കൂറില്‍ 50 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാം. പരീക്ഷാര്‍ഥിക്ക് സ്വയം വിലയിരുത്താം. ഡിസംബറില്‍ നടക്കുന്ന യു.ജി.സി. നെറ്റ് പരീക്ഷയുടെ ഓണ്‍ലൈന്‍ മോക് ടെസ്റ്റും ടെസ്റ്റ് പ്രാക്ടീസിങ് സെന്റര്‍ തിരഞ്ഞെടുക്കാനും ആപ്പ് ഉപയോഗിച്ച് സാധിക്കും. വെബ്‌സൈറ്റില്‍ നല്‍കുന്ന എല്ലാ ഫീച്ചറുകളും എന്‍.ടി.എ. സ്റ്റുഡന്റ് ആപ്പില്‍ ലഭിക്കും. ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.  

മോക് ടെസ്റ്റിനായി ഗൂഗിള്‍/ ഫെയ്‌സ്ബുക്ക്/ മൊബൈല്‍ നമ്പര്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് എന്‍.ടി.എ. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അടിസ്ഥാനവിവരങ്ങള്‍ രേഖപ്പെടുത്തിയതിനുശേഷം അനുയോജ്യമായ അഞ്ച് ടെസ്റ്റ് പ്രാക്ടീസിങ് സെന്ററുകള്‍ മുന്‍ഗണനയ്ക്കനുസരിച്ച് തിരഞ്ഞെടുക്കാം. സെന്ററുകളുടെ വിവരങ്ങള്‍ക്ക്: https://www.nta.ac.in/

താത്പര്യത്തിനനുസരിച്ച് ദിവസവും സമയവും പരീക്ഷാര്‍ഥിക്ക് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ടെസ്റ്റിന്റെ ദിവസവും മറ്റു വിവരങ്ങളും പരീക്ഷാര്‍ഥിയെ എസ്.എം.എസ്./ ഇ-മെയിലിലൂടെയോ അറിയിക്കും. പരിശീലനം സൗജന്യമാണ്. ഒരു സെഷന്‍ പൂര്‍ത്തിയാക്കിയശേഷം വീണ്ടും രജിസ്റ്റര്‍ ചെയ്ത് പരിശീലനം തുടരാം. കേരളത്തില്‍ 258 ടെസ്റ്റ് പ്രാക്ടീസിങ് സെന്ററുകളാണുള്ളത്.

Read Related News :