News

എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനം: അപേക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അപേക്ഷസമർപ്പണം തുടങ്ങുംമുമ്പ് വിദ്യാർഥി തന്റെ പാസ്പോർട്ട്‌ സൈസിലുള്ള ഫോട്ടോ, ഒപ്പ്, എന്നിവ jpeg ഫോർമാറ്റിൽ തയ്യാറാക്കിവെക്കണം. സാധുവായ ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവയും.

2019-ലെ പ്രൊഫഷണൽ കോഴ്‌സ് (KEAM) പ്രവേശനനടപടികൾ കേരള പ്രവേശനപരീക്ഷാ കമ്മിഷണർ www.cee.kerala.gov.in, www.cee-kerala.org എന്നീ സൈറ്റുകൾവഴി ആരംഭിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷിക്കാനും അപേക്ഷാഫീസടയ്ക്കാനും അവകാശവാദങ്ങൾക്കുള്ള രേഖകൾ അപ്‌ലോഡ്‌ചെയ്യാനും വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കണം. രക്ഷിതാക്കളും ഇക്കാര്യത്തിൽ പ്രത്യേക താത്‌പര്യം കാട്ടണം. 

പ്രവേശനം നാല് സ്ട്രീമിൽ

നാല് സ്ട്രീമിലായാണ് പ്രവേശനം. അപേക്ഷ ഒന്നുമതി. എൻജിനീയറിങ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ & അലൈഡ് എന്നീ നാല്‌ സ്ട്രീമുകളിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്. അർഹതയ്ക്കുവിധേയമായി ഒരാൾക്ക് ഇതിൽ എത്ര സ്ട്രീമിലേക്കും അപേക്ഷിക്കാം. എന്നാൽ, അപേക്ഷ ഒന്നേ നൽകാവൂ. താത്‌പര്യമുള്ള സ്ട്രീമുകൾ തിരഞ്ഞെടുത്ത് അപേക്ഷയിൽ രേഖപ്പെടുത്തണം.

പരീക്ഷ രണ്ടുസ്ട്രീമിൽമാത്രം 

നാല് സ്ട്രീമിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നതെങ്കിലും രണ്ട് സ്ട്രീമിലേക്കേ പ്രവേശനപരീക്ഷാ കമ്മിഷണർ പരീക്ഷ നടത്തുന്നുള്ളൂ. എൻജിനീയറിങ്ങിനും ഫാർമസിക്കും. ഇതിൽ ഫാർമസി പ്രവേശനപരീക്ഷ രണ്ടുപേപ്പറുള്ള എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ ആദ്യപേപ്പർ (ഫിസിക്സ് ആൻഡ് കെമിസ്ട്രി) ആണ്. എൻജിനീയറിങ് പ്രവേശനത്തിന് അപേക്ഷിച്ചതുകൊണ്ടുമാത്രം, ഫാർമസി പ്രവേശനത്തിന് പരിഗണിക്കില്ല. ഫാർമസി സ്ട്രീംകൂടി അപേക്ഷയിൽ തിരഞ്ഞെടുത്താൽമാത്രമേ എൻജിനീയറിങ് പരീക്ഷയുടെ ആദ്യപേപ്പർ എഴുതിയാലും ഫാർമസി കോഴ്‌സിലേക്ക് പരിഗണിക്കൂ. 

മെഡിക്കൽ പ്രവേശനത്തിന്‌ നീറ്റ്, ആർക്കിടെക്ചറിന് നാറ്റ 

മെഡിക്കൽ, അനുബന്ധകോഴ്‌സിലെ പ്രവേശനം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നീറ്റ് പരീക്ഷയുടെ സ്കോർ/റാങ്ക് പരിഗണിച്ചാണ്. ആർക്കിടെക്ചർ പ്രവേശനം, ആർക്കിടെക്ചർ കൗൺസിൽ നടത്തുന്ന നാറ്റയുടെ സ്കോർ പ്ലസ്ടു മാർക്ക് എന്നിവ പരിഗണിച്ചും. പക്ഷേ, ഈ രണ്ടു സ്ട്രീമിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവർ ഇപ്പോൾ വന്നിരിക്കുന്ന വിജ്ഞാപനപ്രകാരം അപേക്ഷ നൽകണം. എങ്കിൽ മാത്രമേ നീറ്റ്/നാറ്റ യോഗ്യത നേടിയാലും ഈ കോഴ്‌സുകൾക്കുള്ള കേരളത്തിലെ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. 

അപേക്ഷ അഞ്ചുഘട്ടമായി 

അപേക്ഷ ഫെബ്രുവരി 28-നകം ഓൺലൈനായി www.cee.kerala.gov.in വഴി നൽകാം. അഞ്ചുഘട്ടമായി അപേക്ഷസമർപ്പണം പൂർത്തിയാക്കണം. ഓരോ ഘട്ടത്തെയും സൂചിപ്പിക്കുന്ന ടാബുകൾ ഹോംപേജിൽ (വിദ്യാർഥി തന്റെ അപേക്ഷ സംബന്ധമായ കാര്യങ്ങൾ നിർവഹിക്കുന്ന പേജ്) കാണാൻ കഴിയും. ഒരു ഘട്ടം വിജയകരമായി പൂർത്തിയാക്കുമ്പോൾ ബന്ധപ്പെട്ട ടാബിന്റെ നിറം പച്ചയാകും.
അപേക്ഷസമർപ്പണം തുടങ്ങുംമുമ്പ് വിദ്യാർഥി തന്റെ പാസ്പോർട്ട്‌ സൈസിലുള്ള ഫോട്ടോ, ഒപ്പ്, എന്നിവ jpeg ഫോർമാറ്റിൽ തയ്യാറാക്കിവെക്കണം. സാധുവായ ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവയും.

 

ആദ്യഘട്ടം: രജിസ്‌ട്രേഷൻ. പേര്, ജനനത്തീയതി, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, പാസ് വേർഡ്, കാപ്ച കോഡ് എന്നിവ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അപ്പോൾ ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ കുറിച്ചുവെക്കുക.

രണ്ടാംഘട്ടം: അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണം. ഈ ഘട്ടത്തിലാണ് താത്‌പര്യമുള്ള സ്ട്രീമുകൾ (എൻജിനീയറിങ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ & അനുബന്ധ കോഴ്‌സുകൾ) തിരഞ്ഞെടുക്കേണ്ടത്. സംവരണ ആനുകൂല്യങ്ങൾക്ക് അവകാശവാദം ഈ ഘട്ടത്തിൽ ഉന്നയിക്കണം. 

മൂന്നാംഘട്ടം ഫീസടയ്ക്കൽ:  കേരളത്തിൽ പ്രവേശനപരീക്ഷയുള്ള (എ വിഭാഗം) എൻജിനീയറിങ്, ഫാർമസി എന്നിവയിലൊന്നിനോ രണ്ടിനുമോ അപേക്ഷിക്കാൻ ജനറൽ വിഭാഗക്കാർക്കുള്ള ഫീസ് 700 രൂപ, പട്ടികജാതിക്കാർക്ക് 300 രൂപ. 
കേരളത്തിൽ പ്രവേശനപരീക്ഷകളില്ലാത്ത (ബി വിഭാഗം) ആർക്കിടെക്ചർ, മെഡിക്കൽ & അനുബന്ധ കോഴ്‌സിൽ ഒന്നിനോ രണ്ടിനുമോ അപേക്ഷിക്കാൻ ഫീസ് 500 രൂപയും (ജനറൽ) 200 രൂപയുമാണ് (പട്ടികജാതി വിഭാഗം). രണ്ടുഭാഗത്തും (എ ഭാഗത്തും ബി ഭാഗത്തും) ഒരു കോഴ്‌സിനെങ്കിലും വീതം അപേക്ഷിക്കാൻ ഫീസ് ജനറൽ വിഭാഗക്കാർക്ക് 900 രൂപയും പട്ടികജാതിക്കാർക്ക് 400 രൂപയുമായിരിക്കും. പട്ടികവർഗക്കാർക്ക് അപേക്ഷാഫീസില്ല.
ദുബായ് പരീക്ഷാകേന്ദ്രമായി സ്വീകരിക്കുന്നവർ, സെന്റർ ഫീസായി 12,000 രൂപകൂടി അടയ്ക്കണം. ഫീസ് ഓൺലൈനായി െക്രഡിറ്റ്/െഡബിറ്റ് കാർഡു വഴിയോ നെറ്റ് ബാങ്കിങ് വഴിയോ അടയ്ക്കാം. വെബ് സൈറ്റിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്തെടുക്കാവുന്ന ഇ-െചലാൻ ഉപയോഗിച്ച് കേരളത്തിലെ നിശ്ചിത പോസ്റ്റോഫീസുകളിൽ പണമായും ഫീസടയ്ക്കാം. ഫീസടച്ചത് സ്വീകരിക്കപ്പെടുമ്പോൾ അപേക്ഷാർഥിയുടെ ഹോംപേജിലെ ബന്ധപ്പെട്ട  ‘പേ ആപ്ലിക്കേഷൻ ഫീ’ എന്ന ലിങ്ക് പച്ച നിറമാകും.

നാലാംഘട്ടം: ഇമേജ് (പാസ്പോർട്ട്‌സൈസ് ഫോട്ടോ, ഒപ്പ്), അനുബന്ധരേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യണം.
 

അഞ്ചാംഘട്ടം: കൺഫർമേഷൻ പേജിന്റെ പ്രിന്റ്ഔട്ട് എടുക്കണം. അപേക്ഷാ പ്രിന്റ്‌ഔട്ട് എവിടേക്കും അയക്കേണ്ടതില്ല. ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിക്കാം.

അവസാനതീയതികൾ 

ഓൺലൈൻ അപേക്ഷ ഫെബ്രുവരി 28-ന് വൈകീട്ട് അഞ്ചുമണിവരെ നൽകാം. നേറ്റിവിറ്റി, ജനനത്തീയതി എന്നീ രേഖകൾ 28-നകം അപ്‌ലോഡ് ചെയ്യണം. മറ്റുസർട്ടിഫിക്കറ്റുകൾ മാർച്ച് 31-നകവും അപ്‌ലോഡ് ചെയ്യാം.
www.cee.kerala.gov.in, www.cee-kerala.org

കോഴ്‌സുകൾ 
 
  • എൻജിനീയറിങ്: ബി.ടെക്. (കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ബി.ടെക്. അഗ്രിക്കൾച്ചറൽ എൻജിനീയറിങ്, ഫുഡ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി കോഴ്‌സുകളും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ ബി.ടെക്. െഡയറി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി കോഴ്‌സുകളും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിനുകീഴിലെ ബി.ടെക്. ഫുഡ് ടെക്‌നോളജിയും ഉൾപ്പെടെ)
  • ഫാർമസി: ബി.ഫാം. 
  • ആർക്കിടെക്ചർ: ബി.ആർക്ക് 
  • മെഡിക്കൽ: എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എച്ച്.എം.എസ്. (ഹോമിയോ), ബി.എ.എം.എസ്. (ആയുർവേദ), ബി.എസ്.എം.എസ്. (സിദ്ധ), ബി.യു.എം.എസ്. (യുനാനി).
  • അനുബന്ധകോഴ്‌സുകൾ: ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ, ബി.എസ്‌സി. (ഓണേഴ്‌സ്) ഫോറസ്ട്രി, ബി.വി.എസ്.സി. ആൻഡ് എ.എച്ച്., ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്

ശ്രദ്ധിക്കുക

ഇന്റർനെറ്റ് കഫേവഴി അപേക്ഷ നൽകുമ്പോൾ വിദ്യാർഥി/രക്ഷിതാവ് അവിടെച്ചെന്ന് അവർ നൽകുന്ന സിസ്റ്റം ഉപയോഗിച്ച് നേരിട്ട് അപേക്ഷ നൽകാൻ ശ്രമിക്കുക. ഒരു കാരണവശാലും തനിക്കുവേണ്ടി അപേക്ഷ നൽകാൻ മറ്റൊരാളെ ചുമതലപ്പെടുത്തരുത്. പാസ്‌വേർഡ് മറ്റൊരാൾക്ക് കൈമാറരുത്. ഇടയ്ക്കിടെ പാസ്‌വേർഡ് മാറ്റുക. ഓരോ തവണയും ഹോംപേജിൽ വിവരങ്ങൾ നൽകിയശേഷം നിർബന്ധമായും ലോഗ്ഔട്ട് ചെയ്യുക. അപേക്ഷ നൽകാൻ സഹായംവേണ്ടവർ സർക്കാർ ഒരുക്കിയ സംവിധാനം പ്രയോജനപ്പെടുത്തുക.

പിശകുകൾ വരാതെ നോക്കുക 

അപേക്ഷയിലെ പിശകുകൾ/തെറ്റുകൾ സംബന്ധിച്ചൊന്നും തപാൽവഴി അറിയിക്കില്ല. അപാകമുണ്ടെങ്കിൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ്‌ചെയ്യാൻ ശ്രമിക്കുമ്പോൾ (ഏപ്രിൽ 10 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം) വെബ്‌സൈറ്റിൽ ദൃശ്യമാകും. അവ യഥാസമയം ഓൺലൈനായി പരിഹരിക്കണം. അതിനാൽ പിശകുകൾ വരുത്താതെ അപേക്ഷ നൽകാൻ ശ്രദ്ധിക്കുക.

ഇവർ സഹായിക്കും 

അപേക്ഷസമർപ്പണത്തിന് വിദ്യാർഥികളെ സഹായിക്കാൻ സംസ്ഥാനമൊട്ടാകെ ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കും. പട്ടിക വെബ്‌സൈറ്റിൽ. സർക്കാർ/എയ്ഡഡ് ഹയർ/വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും സൗകര്യമുണ്ടാകും.

ഹെല്‍പ്പ്ലൈന്‍: 0471 2339101, 2339102, 2339103, 2339104, 233123 (ദിവസവും രാവിലെ എട്ടുമണിമുതല്‍ വൈകുന്നേരം എട്ടുമണി വരെ)
കോള്‍ സെന്റര്‍: ബി.എസ്.എന്‍.എല്‍. നെറ്റ്വര്‍ക്ക്: ലാന്‍ഡ് ലൈനില്‍നിന്ന് - 155300, മൊബൈല്‍ഫോണില്‍നിന്ന് -  0471 155300 
മറ്റ് നെറ്റ്വര്‍ക്കുകളില്‍നിന്ന്: 0471 2115054, 2115098, 2335523

Read Related News :