News

JEE (Advanced) 2,45,000 പേര്‍ക്ക് അഭിമുഖീകരിക്കാം

# രജിസ്ട്രേഷന്‍ മേയ് മൂന്നുമുതല്‍ ഒന്‍പതുവരെ

          2019-ലെ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ വിവിധ വിഭാഗങ്ങളില്‍നിന്നായി 2,45,000 പേര്‍ക്ക് അവസരം ലഭിക്കും. നേരത്തേ ഇത് 2,20,000 ആയിരുന്നു. 

ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ ഒന്നിന്റെ അടിസ്ഥാനത്തില്‍, ഐ.ഐ.ടി. പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ വിവിധ വിഭാഗങ്ങളില്‍നിന്നും അര്‍ഹതനേടുന്നവര്‍ ഇങ്ങനെ: ഓപ്പണ്‍ (46.5 %) 1,13,925, ഇ.ഡബ്ല്യു.എസ്. (4%) 9800, ഒ.ബി.സി. (27%) 66,150, പട്ടികജാതി (15%) 36,750, പട്ടികവര്‍ഗം (7.5%) 18,375. ഇതില്‍ ഓരോ വിഭാഗത്തിലും അഞ്ചുശതമാനം ഭിന്നശേഷിക്കാര്‍ക്കാണ് (യഥാക്രമം 5696, 490, 3307, 1837, 919).

യോഗ്യത

ഒരാള്‍ക്ക് തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളിലായി, രണ്ടുതവണ മാത്രമേ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാനാകൂ. പ്ലസ് ടൂ പരീക്ഷ, ആദ്യമായി 2018-ല്‍ അഭിമുഖീകരിച്ചവരോ 2019-ല്‍ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. പ്രവേശനത്തിനുമുമ്പ് പ്ലസ് ടു മാര്‍ക്ക് സംബന്ധിച്ച വ്യവസ്ഥ തൃപ്തിപ്പെടുത്തണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഭാഷാവിഷയം, മറ്റേതെങ്കിലും ഒരു വിഷയം (ഒരു വിഭാഗത്തില്‍ ഒന്നില്‍ക്കൂടുതല്‍ വിഷയങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ മാര്‍ക്കുള്ളത് പരിഗണിക്കും) എന്നിവയ്ക്ക് മൊത്തത്തില്‍ 75 ശതമാനം മാര്‍ക്കുവേണം. 

പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 65 ശതമാനം മതി. അതല്ലെങ്കില്‍ വിദ്യാര്‍ഥിയുടെ ബോര്‍ഡ് പരീക്ഷയില്‍, മുന്നിലെത്തുന്നവരുടെ 20 പെര്‍സെന്റൈല്‍ കട്ട് ഓഫില്‍ അപേക്ഷാര്‍ഥി ഉള്‍പ്പെട്ടിരിക്കണം. അപേക്ഷകര്‍ 1994 ഒക്ടോബര്‍ ഒന്നിനോ ശേഷമോ ജനിച്ചവരാകണം. 1989 ഒക്ടോബര്‍ ഒന്നിനോ ശേഷമോ ജനിച്ച പട്ടിക/ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. 

രജിസ്ട്രേഷന്‍

മേയ് 27-ന് നടത്തുന്ന ജെ. ഇ.ഇ. അഡ്വാന്‍സ്ഡിന്, ജെ. ഇ.ഇ. മെയിന്‍ ഫലപ്രഖ്യാപനത്തിനുശേഷം മേയ് മൂന്നുമുതല്‍ മേയ് ഒന്‍പതിന് വൈകീട്ട് അഞ്ചുവരെ https://jeeadv.ac.in  രജിസ്റ്റര്‍ ചെയ്യാം. 
ഫീസ് അടയ്ക്കാന്‍ മേയ് 10 വരെ സമയം കിട്ടും. പരീക്ഷാ ഫീസ്, പെണ്‍കുട്ടികള്‍, പട്ടിക/ഭിന്നശേഷിക്കാര്‍ 1300 രൂപ, മറ്റുള്ളവര്‍ 2600 രൂപ. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍. 

പരീക്ഷയ്ക്ക് രണ്ടു പേപ്പര്‍

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ രണ്ടുപേപ്പര്‍ ഉണ്ടാകും. ഓരോന്നും മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. രണ്ടിലും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍നിന്നും ഓബ്ജക്ടീവ് ടൈപ്പ് (മള്‍ട്ടിപ്പിള്‍ ചോയ്സ്/ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ്) ചോദ്യങ്ങള്‍ ഉണ്ടാകും. ധാരണാശക്തി, അപഗ്രഥനപരമായ കഴിവ് അളക്കുന്നതായിരിക്കും ചോദ്യങ്ങള്‍.

റാങ്ക് പട്ടിക

പ്രവേശനപരീക്ഷയില്‍ യോഗ്യതനേടി റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ കാറ്റഗറിയനുസരിച്ച്, ഓരോ വിഷയത്തിലും (ഫിസിക്‌സ്,  കെമിസ്ട്രി, മാത്തമാറ്റിക്‌സ്) മൊത്തത്തിലും മിനിമം മാര്‍ക്ക് നേടേണ്ടതുണ്ട്. ഫലപ്രഖ്യാപനത്തിനുശേഷമായിരിക്കും ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിനുള്ള അഭിരുചിപരീക്ഷ. 

അഡ്വാന്‍സ്ഡില്‍ യോഗ്യത നേടുന്നവര്‍ക്ക് ഐ.ഐ.ടി. ബി.ആര്‍ക്കില്‍ താത്പര്യമുണ്ടെങ്കില്‍ ഇതിന് രജിസ്റ്റര്‍ ചെയ്ത് അഭിമുഖീകരിച്ച് യോഗ്യതനേടണം. ബി.ആര്‍ക്ക്. പ്രവേശനം, അഡ്വാന്‍സ്ഡ് റാങ്കുവെച്ചായിരിക്കും. 

ഐ.ഐ.ടി.കളില്‍ (23 എണ്ണം) എന്‍ജിനീയറിങ്/സയന്‍സ് മേഖലകളിലെ ബാച്ച്ലര്‍ (നാലുവര്‍ഷം), ഡ്യുവല്‍ ഡിഗ്രി, ഇന്റഗ്രേറ്റഡ് (അഞ്ചുവര്‍ഷം) കോഴ്സുകളും ബി. ആര്‍ക്ക്. (അഞ്ചുവര്‍ഷം) കോഴ്സുമുണ്ട്. വിവരങ്ങള്‍ക്ക്: https://jeeadv.ac.in

Read Related News :